കുറാഞ്ചേരിയിൽ ഉരുൾപൊട്ടി അഞ്ച് മരണം

തൃശൂർ: കുറാഞ്ചേരിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ അഞ്ച് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് പേരെ കാണാതായി. നാല് വീടുകളിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വീടുകൾ പൂർണ്ണമായും തകർന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

തൃശൂർ-ഷൊർണ്ണൂർ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാലുപേർ മണ്ണിനടിയിൽപെട്ടിരിക്കുന്നു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. തൃശൂർ കുറ്റൂർ റെയിൽവെ ഗേറ്റിനടുത്ത് വീടിന്റെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് ഒരാൾ മരണപ്പെട്ടു. പുതുക്കുളങ്ങര വീട്ടിൽ രാമദാസാണ്(71) മരിച്ചത്. നഗരത്തിലെ ദയ ജനറൽ ആശുപത്രിയിലും സൺ മെഡിക്കൽ (ഹാർട്ട്) സെന്ററിലും വെള്ളം കയറി. ദയലിൽ നിന്നുള്ള കിടപ്പുരോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാവിലെ കുതിരാനിലെ മണ്ണിടിച്ചൽ മൂലം പാലക്കാട്-തൃശൂർ റൂട്ടിലെ ഗതാഗതം നിരോധിച്ചു. കോഴിക്കോട്-തൃശൂർ റൂട്ടിലും ഗതാഗതം നിലച്ചു. കണിമംഗലം-പാലയ്ക്കൽ പാടശേഖരം നിറഞ്ഞ് വെള്ളം തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലേക്ക് കയറി.

തൃശൂർ-ചേർപ്പ്-തൃപ്രയാർ റൂട്ടിസെ ചിറയ്ക്കലിൽ റോഡിൽ കനത്ത വെള്ളക്കെട്ടായി. അമ്മാടം-തൃപ്രയാർ റൂട്ടിലും റോഡ് വെള്ളത്തിനടിയിലാണ്. ജില്ലയുടെ ഉൾനാടൻ മേഖലകളിലും ബസ് ഗതാഗതമുൾപ്പടെ നിർത്തിവച്ചിട്ടുണ്ട്. ചാലക്കുടിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പലയിടത്തും ആളുകൾ വീടിനുള്ളിൽ ഒറ്റപ്പെട്ടുകഴിയുന്നതായാണ് വിവിരം. രാവിലെ അതിരപ്പിള്ളിയിൽ ഉരുൾപൊട്ടലുണ്ടായതോടെ സൈന്യമുൾപ്പടെ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്. നിരവധി ബോട്ടുകളും ഈ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.

തൃശൂരിലെ കൈനൂർ, പുത്തൂർ മേഖലയാകെ വെള്ളക്കെട്ടിലായി. ഇവിടങ്ങളിൽ അളുകൾ തീർത്തും ഒറ്റപ്പെട്ടുകഴിയുകയാണ്.
നഗരത്തിലെ പെരിങ്ങാവ്, പാട്ടുരായ്ക്കൽ, കണ്ണംകുളങ്ങര മേഖലകളും വെള്ളക്കെട്ടിലാണ്. പെരിങ്ങാവിലും പാട്ടുരായ്ക്കലിലും ആളുകൾ വീടിനുമുകളിൽ കയറിക്കൂടിയിരിക്കുകയാണ്.