മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് 19 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മരണം 19 ആയി. പത്തനംതിട്ട ചിറ്റാറിൽ രണ്ട് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവിടങ്ങളിലാണ് കനത്ത മഴയ്‌ക്കൊപ്പം ഉരുൾപൊട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായി. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സേനയുടെ അടിയന്തര സഹായം ആവശ്യമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മേഖലയിലേക്കുളള റോഡുകളെല്ലാം മലവെളളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. ദുരന്തനിവാരണ സേനയ്‌ക്കോ ഫയർഫോഴ്‌സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും വെളളപൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്.
രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിൽ പൂനയിൽ നിന്ന് സേനയെത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ മിലിട്ടറി ടാസ്‌ക് ഫോഴ്‌സ് ഭക്ഷണമെത്തിക്കും