കനത്തമഴ: കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കനത്തമഴ തുടരുന്നതിനാൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജാഗ്രതാ നിർദ്ദേശം. ഡാമുകൾ തുറന്നു വിടുന്ന സാഹചര്യത്തിൽ കിഴക്കൻ ജില്ലയിലേക്ക് കൂടുതലായി വെള്ളം ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി കളക്ടറേറ്റിൽ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ചേർന്നു.

കുട്ടനാട്ടിലെ റിസോർട്ടുകളിൽ നിന്ന് ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും മറ്റു വകുപ്പുകളും ജാഗ്രതയോടെ ഇരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.