മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകളും തുറന്നത് ജലനിരപ്പ് 140 അടിയിലെത്തിയതോടെ

മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 140 അടിയായതിനെതുടർന്നാണ് ഷട്ടറുകൾ തുറന്നത്. 13 ഷട്ടറുകളും ഒരടി വീതം തുറന്ന് 4489 ക്യൂസെക്‌സ് വെള്ളമാണ് സെക്കന്റിൽ പുറത്തേയ്‌ക്കൊഴുക്കുക.

വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്കാണ് ഈ ജലം എത്തുന്നത്. സമീപത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ പെരിയാർ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം കൂടി എത്തുന്നതോടെ ഇടുക്കി ഡാമിലേയ്ക്കുള്ള ജലനിരപ്പ് വർദ്ധിക്കും. അതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന വെള്ളത്തിന്റെ തോതും വർദ്ധിപ്പിക്കേണ്ടതായി വന്നേക്കും.

വണ്ടിപ്പെരിയാർ ചപ്പാത്തുവഴിയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തുന്നത് എന്നതിനാൽ തന്നെ ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. അതേസമയം സ്ഥിതി വിലയിരുത്താൻ മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ബുധനാഴ്ച ഡാമിൽ എത്തുന്നുണ്ട്.