കനത്ത മഴ; മൂന്നാർ ഒറ്റപ്പെടുന്നു

മൂന്നാർ: കനത്ത മഴയെത്തുടർന്ന് മൂന്നാർ പ്രളയഭീതിയിൽ. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മൂന്നാറിൽ അതീവ ജാഗ്രത നിർദേശം നല്കിയിരിക്കുകയാണ്. മൂന്നാറിലൂടെയൊഴുകുന്ന മുതിരപ്പുഴ മുമ്പൊരിക്കലും ഇല്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. അമ്പത്
വർഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പഴയ മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ ബസ്സുകൾ മാത്രമാണ് മൂന്നാർ ടൗണിലേക്ക് സർവ്വീസ് നടത്തുന്നത്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ കൂടി തുറക്കുന്നതോടെ മൂന്നാർ ടൗൺ വെള്ളത്തിലാകുമെന്നാണ് സൂചന. കുഞ്ചിത്തണ്ണി, കല്ലാർകുട്ടി എന്നിവവിടങ്ങളിലും വെള്ളം കയറിയേക്കും.