ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് നടൻ അല്ലു അർജുൻ

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നടൻ അല്ലു അർജുനും അനുപമ പരമേശ്വരനും. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

‘കേരളത്തിലെ ജനങ്ങൾ എനിക്ക് നൽകിയ പകരം വെയ്ക്കാനാവാത്ത സ്നേഹം കൊണ്ട് എന്റെ മനസ്സിൽ അവർക്ക് പ്രത്യേക സ്ഥാനമാണുളളത്. ഇപ്പോൾ ഉണ്ടായ നഷ്ടം വളരെ വലുതാണ് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രാർഥനകൾ ദുരിതമനുഭവിക്കുന്നവർക്കൊപ്പമുണ്ടാവും.’ അല്ലു അർജുൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

People of Kerala will always occupy a special place in my heart for the unmatchable Love & Affection they shower . Their Love & the Loss is Unmatchable. But still I take the Honour to do my bit. I hereby pledge to donate 25,00,000 for the #KeralaFloodRelief .

Love “M”Allu Arjun

ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രേഖയടക്കം പങ്കുവെച്ചാണ് കേരളത്തിന് സഹായം അഭ്യർത്ഥിച്ച് അനുപമ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷം രൂപ നൽകി. സിനിമ സാംസ്‌ക്കാരിക മേഖലയിലെ ഒട്ടേറെ പേർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ പേരിൽ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ കൈമാറിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹൻലാലിന്റെ നിർദേശപ്രകാരമാണ് ഇവർ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണിതെന്ന് ജഗദീഷ് പറഞ്ഞു.