ഇ.പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് രാജിവെച്ച ഇ.പി. ജയരാജൻ ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എൽഡിഎഫ് എംഎൽഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ജയരാജനെ മന്ത്രിമാരെല്ലാം അഭിനന്ദിച്ചു. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചത്.അതേസമയം ധാർമിക പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെയാണ് ജയരാജന് തിരികെ നൽകിയിരിക്കുന്നത്. രാജിവെച്ച് ഒരു വർഷവും പത്ത് മാസവും പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള ഇപി ജയരാജൻറെ മടക്കം. സിപിഎമ്മും എൽഡിഎഫും എതിർപ്പുകളൊന്നുമില്ലാതെ തിരിച്ചുവരവിൽ തീരുമാനമെടുക്കുകയായിരുന്നു.കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെയാണ് സിപിഐ അയഞ്ഞത്.
ധാർമിക പ്രശ്‌നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. ചീഫ് വിപ്പ് സ്ഥാനം അമിതചെലവ് ഉണ്ടാക്കുമെന്ന് പറഞ്ഞ സിപിഐ ഇപ്പോൾ മൗനത്തിലാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. പത്തൊൻപതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പകരം ചുമതലയും ഒരുപക്ഷെ ജയരാജന് കിട്ടിയേക്കും.
ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നാണ് വിവരം. വകുപ്പുകളിലെ മാറ്റത്തിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസിലും മാറ്റങ്ങളുണ്ട്. കെകെ ഷൈലജ ഉപയോഗിച്ചിരുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ ഓഫീസാകും ജയരാജന്. ഷൈലജയുടെ ഓഫീസ് സെക്രട്ടേറിയറ്റ് അനക്‌സ് ടൂവിലേക്ക് മാറും.
മുഖ്യമന്തിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ ഇനി മന്ത്രിമാർക്ക് ഓഫീസുണ്ടാകില്ല. അവിടെ ഉണ്ടായിരുന്ന എസി മൊയ്തീൻറെ ഓഫീസ് അനക്‌സ് വണ്ണിലേക്ക് മാറ്റും. ഓഫീസായെങ്കിലും ഇപി ജയരാജന് ഔദ്യോഗിക വസതിയിൽ തീരുമാനമായില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു