ബിഷപ്പ് ഹൗസിൽ നാടകീയ രംഗങ്ങൾ; മാധ്യമ പ്രവർത്തകർക്കുനേരെ കയ്യേറ്റം

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ബിഷപ്പ് ഹൗസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ആവർത്തിക്കുമ്പോൾ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ  എട്ട് മണിയോടെ എത്തിചേർന്നു.

ഫ്രാങ്കോ മുളക്കലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി.ബിഷപ്പിന്റെ സഹായികളാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. മീഡിയവണ്‍ കാമറമാന്‍ സനോജ് കുമാറിനെയും മാതൃഭൂമി കാമറമാന്‍ വൈശാഖിനേയും മര്‍ദിച്ചു. ഏഷ്യാനറ്റിന്റേയും മലയാള മനോരമയുടേയും കാമറകള്‍ അടിച്ചുതകര്‍ത്തു.