പുഴയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷിക്കാൻ ഡാമിന്റെ ഷട്ടർ താഴ്ത്തി

ചാലക്കുടി: ചാലക്കുടി പുഴയിലെ വെള്ളം ഉയർന്നതിനെ തുടർന്ന്, കാട്ടാന പുഴയിൽ കുടുങ്ങി. അതിരപ്പിള്ളിക്ക് അടുത്ത് ചാർപ്പ ഭാഗത്ത് ഇന്ന് രാവിലെയാണ് കാട്ടാനയെ പുഴയിൽ കുടുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്.

നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ വെള്ളത്തിന് നടുവിൽ കഴിഞ്ഞ ആനയെ പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ഷട്ടർ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് കരയ്ക്ക് കയറ്റിയത്.

പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ നിന്ന് വന്ന വെള്ളമായിരുന്നു ആനയെ പുഴയ്ക്ക് നടുവിൽ കുടുക്കിയത്. ആനയെ കരയ്ക്ക് കയറ്റാനായി പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകളാണ് താഴ്ത്തിയത്.