അബുദാബി: ബാങ്കിൽനിന്ന് 60 ലക്ഷം ദിർഹം മോഷ്ടിച്ച പത്തംഗസംഘം പിടിയിൽ

അബുദാബി: അബുദാബി ബാങ്കിൽനിന്ന് ബാങ്ക് ജീവനക്കാരന്റെ സഹായത്താൽ 60 ലക്ഷം ദിർഹം മോഷ്ടിച്ച പത്തംഗസംഘം പിടിയിലായി. ‘ഇ-ട്രേഡർ’ എന്ന സംവിധാനം ഉപയോഗിച്ചാണ് പാകിസ്താൻ സ്വദേശികളായ ഇവർ കൊള്ള നടത്തിയത്.

ബാങ്ക് ജീവനക്കാരനിൽനിന്ന് ലഭിച്ച ഇലക്ട്രോണിക് കോഡുകളുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം പ്രോഗ്രാം ചെയ്താണ് പ്രതികൾ പണം അപഹരിച്ചത്. ഉപഭോക്താക്കളുടെ പണം പല വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിച്ചതായി ബാങ്ക് അക്കൗണ്ടിൽ കാണിക്കുകയും ഈ തുക മുഴുവൻ ഒരു ഏഷ്യൻ രാജ്യത്തിലെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ഐ.ടി. സാങ്കേതികവിദ്യയുടെ ദുരുപയോഗവും നിയമവിരുദ്ധമായ പണാപഹരണവും വഞ്ചനയുമാണ് ഇവരുടെമേൽ കോടതി ചുമത്തിയ കുറ്റം.