വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം

റിയാദ്‌: വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ലെവി പിൻവലിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം 24.00 റിയാൽ ആയിരുന്ന ലെവി ഈ വർഷം 4800 റിയാലായി ഉയർത്തിയിരുന്നു. അടുത്ത വർഷം ഇത് 7200 റിയാലായി വർധിപ്പിക്കും. മാസലെവി അടുത്തവർഷം 600 റിയാൽ ആയിരിക്കും. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 2020 ആകുന്നതോടെ വാർഷിക ലെവി 9600 റിയാലായി ഉയർത്തുമെന്നാണ് തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാർക്ക് മാസലെവി 300 റിയാലാണ്.

സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിനും സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതന്നതിനുമാണ് കഴിഞ്ഞവർഷം മുതൽ രാജ്യത്ത് ലെവി ബാധകമാക്കിയത്. തൊഴിലുടമകളാണ് വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി അടയ്‌ക്കേണ്ടതെന്നും തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.