അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഒരു കുടുംബം; ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും

തിരുവനന്തപുരം: അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണ സംഭവിച്ച കൊല്ലം ആശ്രമം കുളങ്ങര വീട്ടില്‍  ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സര്‍ക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ചീവനിയിലൂടെ ദാനം ചെയ്തത്.
കടുത്ത തലവേദനയെ തുടര്‍ന്ന്   അഞ്ചാം തീയതിയാണ് ലീനയെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്‌.  വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12 ന് രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും  മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.  തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കെഎന്‍ഒഎസിലെ ഡോക്ടര്‍മാരും, കോ ഓര്‍ഡിനേറ്റര്‍മാരും അവയവദാന പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ലീനയുടെ സഹോദരനും ഭര്‍ത്താവും  അവയവദാന സമ്മത പത്രം ഒപ്പിടുകയുമായിരുന്നു. സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ഫിമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റായ ലീനയുടെ സഹോദരന്‍ സതീഷ് കുമാറാണ് അവയ ദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ഇതിനായി ബന്ധുക്കളുടെ അനുവാദം വാങ്ങിയത്. തുടര്‍ന്ന് കരളും, രണ്ട് വൃക്കകളും ദാനം നല്‍കി. സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തേതും സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തേതുമായ അവയവദാനമാണിത്. ലീനയുടെ സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടക്കും.
കെഎന്‍ഒഎസ് സംസ്ഥാന ചെയര്‍മാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു. ആശുപത്രി  സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് , അനസ്‌ത്യേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ. അനില്‍ സത്യദാസ്, എന്നിവരാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
കേരള സറ്റേറ്റ് ബിവറേജസ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലീനയുടെ ഭര്‍ത്താവ് ആശ്രമാം സജീവ്,  പത്തനംതിട്ട ബിവറേജസിലെ ജീവനക്കാരനാണ്‌.
മക്കല്‍  ആദര്‍ശ് , അദ്വൈത്. സഹോദരങ്ങള്‍ സുരേഷ് കുമാര്‍, സതീഷ് കുമാര്‍ (ഗവ സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്റ് ഫാമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റ്)
സഹായ ഹസ്തവുമായി കേരളാ ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ്അസോസിയേഷൻ 
കേരളാ ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ്അസോസിയേഷന്റെ നേതൃത്വത്തിൽ
മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത ലീനയുടെ മൃതദേഹം കൊല്ലം ആശ്രാമത്തെ വീട്ടിൽ സൗജന്യമായി എത്തിച്ചു.  മസ്തിഷ്ക മരണാന്തരം അവയവങ്ങൾ ദാനം ചെയ്യുന്ന മൃതശരീരങ്ങൾ കേരളത്തിൽ എവിടെയും സൗജന്യമായി എത്തിക്കാം എന്നുള്ള അസോസിയേഷൻ തീരുമാനപ്രകാരമാണ് KADTA മൃതദേഹം  സൗജന്യമായി എത്തിച്ചത്. നീക്കം ചെയ്ത അവയവങ്ങൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലും എത്തിച്ചു.
കേരളാ പോലീസ്, സർക്കാർ സംരംഭമായ മൃതസഞ്ജീവനി, കേരളാ ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (KADTA)  എന്നിവർ സംയുകതയാണ് ഈ ദൗത്യം ഏറ്റെടുത്തത്.  പൊതുജനങ്ങളിൽ അവയവ ദാനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം മുതൽ ഇത്തരമൊരു ദൗത്യം KADTA  ഏറ്റെടുത്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.