പത്തനംതിട്ട ഡിസിസി യിൽ പൊട്ടിത്തെറി; ബാബു ജോർജിനെതിരെ കെപിസിസി പ്രസിഡന്റിന് കത്ത്

 പത്തനംതിട്ട : ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരെ കെപിസിസി പ്രസിഡൻറിന്‌
ഡിസിസി ഭാരവാഹികളുടെ കത്ത്‌. പാർട്ടിക്ക് ജനമധ്യത്തിലുണ്ടായിരുന്ന ഇമേജ് തകർക്കുന്ന ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ  നിലപാട് അവസാനിപ്പിക്കാൻ കെപിസിസി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിയാറ്‌ ഡിസിസി ഭാരവാഹികളാണ്
കെപിസിസി പ്രസിഡന്റിന് കത്തയച്ചത്‌.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം ഡിസിസി ജനറൽ സെക്രട്ടറിമാരാണ് കത്ത് നൽകിയിരിക്കുന്നത്. ഡിസിസി യോഗത്തില്‍ പ്രസിഡന്റിന്റ ഒന്നരമണിക്കൂര്‍ പ്രസംഗവും ചായകുടിയും മാത്രമാണ് നടക്കുന്നതെന്ന്‌  കത്തില്‍ ആക്ഷേപം ഉന്നയിക്കുന്നു.
ബാബു ജോർജ് ഡിസിസി പ്രസിഡന്റായ സമയം മുതൽ ജില്ലയിൽ പാർട്ടിയുടെ തകർച്ചക്ക് ആക്കം കൂടിയിരിക്കുകയാണെന്നും സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെയും, മുതിർന്ന നേതാക്കളോട് കൂടിയാലോചിക്കാതെയും  ഏതാനും പേരുമായി ചേർന്ന് എടുക്കുന്ന നടപടികൾ പാർട്ടിയെ തകർക്കുന്നതാണെന്നും കത്തിൽ പറയുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധികാരമാറ്റങ്ങളെ വ്യക്തിവിരോധം തീർക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുകയാണ് പ്രസിഡന്റ്.  തിരുവല്ലയിലും, മറ്റ് നിരവധി തദ്ദേശ സ്ഥാപനങ്ങളിലും ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലാത്ത സമീപനം വൻ തിരിച്ചടിയായി. തിരുവല്ലയിൽ വിപ്പ് ലംഘനത്തിന് പുറത്താക്കിയ കൗൺസിലർമാരെ തിരികെയെടുക്കാൻ പാർട്ടി
യുടെ ഒരു തലത്തിലും ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കൈവശമിരുന്ന പല വാർഡുകളും ഇത്തരം സമീപനത്താൽ ഉപ തെരഞ്ഞെടുപ്പുകളിൽ പരാജയത്തിന് കാരണമായതായും കത്തിൽ പറയുന്നു.