വസുന്ധര ഗോ ബാക്ക്; ക്വിറ്റ് ഇന്ത്യാ സമര വാർഷിക ദിനത്തിൽ വസുന്ധര രാജെയ്ക്കെതിരെ പ്രതിഷേധം

ഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്ക്കെതിരെ ബി.ജെ.പി പ്രവർത്തകരുടെ രോഷം ശക്തമാകുന്നു. രാജെയുടെ മണ്ഡലമായ ജലാവാറിലാണ് സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ അവർക്കെതിരെ സമരം ചെയ്യുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷിക ദിനമായ ആഗസ്റ്റ് 9ന് ‘ക്വിറ്റ് വസുന്ധര ജാലാവാർ’, ‘വസുന്ധര ഗോ ബാക്ക്’ എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രവർത്തകരുടെ സമരം. അന്നേ ദിവസം ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച ബൈക്ക് റാലിയിൽ 500 ബൈക്കുകളിലായി ആയിരത്തിലധികം പ്രവർത്തകരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർത്തി ജലാവാർ മണ്ഡലത്തിൽ ഉടനീളമായിരുന്നു ബൈക്ക് യാത്ര. കഴിഞ്ഞ 30 വർഷമായി മണ്ഡലത്തിൽ നടമാടുന്ന അഴിമതിയിലും വികസന മുരടിപ്പിലും മനംമടുത്താണ് തങ്ങൾ സമരത്തിനിറങ്ങിയതെന്നാണ് പ്രവർത്തകർ.

‘അഞ്ച് തവണയാണ് വസുന്ധര രാജെ ഈ മണ്ഡലത്തിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ എം.എൽ.എ ആയും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. എന്നിട്ടും ഈ മണ്ഡലത്തിലെ സാധാരണക്കാരന് വേണ്ടി അവർ ഒന്നും ചെയ്തില്ല. പാർട്ടിയെയും അവർ ഇല്ലാതാക്കി. ആത്മാർത്ഥതയുള്ള പ്രവർത്തകരെ ചവിട്ടിത്താഴ്ത്തി പകരം നിക്ഷിപ്ത താൽപര്യക്കാരെ കുത്തി നിറച്ചു’ പ്രമോദ് ശർമ എന്ന ബി.ജെ.പി പ്രവർത്തകൻ പറയുന്നു.

വരുന്ന തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വസുന്ധര രാജെയ്ക്ക് വോട്ട് ചെയ്യരുത് എന്നാണ് സമരക്കാർ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നത്. എന്നാൽ സമരക്കാരുടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നും നിരവധി വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി മണ്ഡലത്തിൽ നടപ്പാക്കുന്നുണ്ടെന്നും ജലാവാർ ജില്ലാ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സമരം നടത്തുന്നത് ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിർന്ന റിബൽ നേതാവും വസുന്ധര രാജെയുടെ എതിരാളിയുമായ ഗനഷ്യാം തിവാരിയുടെ അണികളാണെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് പുതിയ തലവേദനകൾ സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ മണ്ഡലം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 180 സീറ്റിലും വിജയിച്ച് തിരിച്ചുവരുമെന്ന് ആവർത്തിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം മണ്ഡലത്തിൽ തന്നെ പ്രതിഷേധം കനക്കുന്നത്.