അമേരിക്കയിൽ മെക്കാനിക് യാത്രാവിമാനം റാഞ്ചി; നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീണു

സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാനത്തിന്റെ മെക്കാനിക് യാത്രാവിമാനം റാഞ്ചി. യാത്രക്കാർ കയറുന്നതിന് തൊട്ടു മുൻപായിരുന്നു സംഭവം. വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നെങ്കിലും തട്ടിയെടുത്തയാളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാനാകാത്തത് പരിഭ്രാന്തിക്കിടയാക്കി.

അലാസ്‌ക എയർലൈൻസിന്റെ 76 സീറ്റുകളുള്ള ഹൊറിസോൺ എയർ ക്യൂ 400 വിമാനമാണ് സിയാറ്റിൽ ടാസ്‌കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രി തട്ടിയെടുത്തത്. വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം എയർട്രാഫിക് കൺട്രോൾ ബോർഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. എന്നാൽ അൽപ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈൽ തെക്കുവടക്ക് കെട്രോൺ ദ്വീപിൽ വിമാനം തകർന്നു വീണു. വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം വിമാനം തകരാൻ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു.