ബിഷപ്പിനെതിരെയുളള പീഡനകേസ്: അന്വേഷണ സംഘം ജലന്ധറിലെത്തി

ജലന്ധർ: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണ സംഘം ജലന്ധർ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്നും, ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവർ അന്വേഷണ സംഘത്തിനു മൊഴി നൽകി. ഇന്ന് ഉച്ചക്ക് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറിൽ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധർ കമ്മീഷണർ പി കെ സിൻഹയുമായി കൂടിക്കാഴ്ച നടത്തും. പരാതിക്കാരിയായ കന്യാസ്ത്രീ മുൻപ് താമസിച്ചിരുന്ന ജലന്ധർ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുളള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിർന്ന വൈദികർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.