11 ജില്ലകളിൽ റെഡ് അലർട്ട് : ഇടുക്കി ജലനിരപ്പിൽ നേരിയ കുറവ്

പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പതിനാലാം തീയതിവരെ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിതീവ്രമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംഭരണികൾ നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് 7 സംഭരണികൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രതപുലർത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇടുക്കി അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിൻറെ അളവ് കൂട്ടി. ഡാമിലേക്ക് വരുന്നതിനേക്കാൾ കൂടുതൽ വെള്ളമാണ ഇപ്പോൾ പുറത്തേക്കുവിടുന്നത്. സെക്കൻഡിൽ 800 ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. ചെറുപുഴയായ ചെറുതോണിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ജലമാണ് ഇടുക്കി ജലസംഭരണിയിൽ നിന്ന് ഒഴുക്കിവിട്ടത്. ചെറുതോണി പാലത്തിന് മുകളിലൂടെ പുഴ ഒഴുകിയപ്പോൾ വൻമരങ്ങളും ബസ് സ്റ്റാൻഡും പുഴയെടുത്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 2401.62 അടിയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.