തെരെഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കും: അരവിന്ദ് കെജ്രിവാൾ

ഡൽഹി: അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്ന ഐക്യം കണ്ടില്ലെന്ന് നടിച്ച് ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ ചേരില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിൽ ചേരുന്ന പാർട്ടികളുടെയൊന്നും ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ നടക്കുന്ന കൻവാർ യാത്രയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാന നിയമസഭയിലും മറ്റു പൊതുതെരെഞ്ഞെടുപ്പുകളിലും എല്ലാ സീറ്റുകളിലേക്കും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും 2019ൽ ഒരു സഖ്യവുമായും ചേരാനില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ജന നന്മയ്ക്കായി പാർട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ മുടക്കുകയാണ്. അതിനാലാണ് പല വികസന പ്രവൃത്തികളും പാതിവഴിയിലായതെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ സർക്കാർ മികച്ച മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്.
വികസനം എപ്രകാരം നടപ്പാക്കാമെന്നത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഡൽഹി സർക്കാരിനെ കണ്ടുപഠിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ജല, വൈദ്യുതി മേഖലയിലെ ഡൽഹി മാതൃക ലോകം മുഴുവൻ പ്രശംസിക്കുകയാണ്. എന്നാൽ ഹരിയാനയിൽ പലർക്കും അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ല. കേന്ദ്രത്തിന്റെ സഹായമില്ലാതെയാണ് വിദ്യാഭ്യാസ മേഖലയിലെ ഉൾപ്പെടെ ഡൽഹി മുന്നേറ്റം. ഡൽഹിക്ക് ഇതെല്ലാം സാധിക്കുമെങ്കിൽ കേന്ദ്ര പിന്തുണയുള്ള ഹരിയാനയിലെ ബിജെപി സർക്കാരിന് എന്തുകൊണ്ടു സാധിക്കുന്നില്ല കെജ്രിവാൾ ചോദിച്ചു. ഹരിയാനയിലും ഡൽഹിയിലും ഏകദേശം ഒരേസമയമാണു സർക്കാർ അധികാരത്തിലെത്തിയതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും