രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയിലിൽ നിന്ന് വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജയിലിൽ കഴിയുന്ന ഏഴ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട്.

ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയച്ചത്.
ഹർജിയിൽ കേന്ദ്ര സർക്കാറിന്റെ തീരുമാനം കോടതി ആരാഞ്ഞപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ഹർജിയിൽ കോടതി നാളെ അന്തിമ വിധിപറയും. പ്രതികളെ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികൾ 27 വർഷത്തോളമായി ജയിലിൽ കഴിയുകയാണ്.