പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ മുപ്പതോളം വിദേശികൾ കുടുങ്ങി കിടക്കുന്നു; എല്ലാവരും പൂർണ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടി വെള്ളം പൊങ്ങിയതോടെ ഇടുക്കി പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിന് സമീപം മണ്ണിടിഞ്ഞു. വിദേശികളടക്കം മുപ്പതോളം സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു.

ഗൾഫ്, സിംഗപൂർ, മലേഷ്യ, എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. ഇവർ താമസിക്കുന്ന റിസോർട്ടിനടുത്ത് ഉരുൾ പൊട്ടിയിരുന്നു. വെള്ളം പൊങ്ങിയതോടെയാണ് പുറത്തു കടക്കാനാവാത്ത വിധം ഇവർ ഒറ്റപ്പെട്ടത്. സർക്കാർ അടച്ചുപൂട്ടിയ റിസോർട്ടാണ് കോടതി ഉത്തരവിനെത്തുടർന്ന് തുറന്ന് പ്രവർത്തിച്ചത്.

അതേസമയം, കുടുങ്ങി കിടക്കുന്ന വിദേശികൾ എല്ലാവരും തന്നെ പൂർണ സുരക്ഷിതരാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. റിസോർട്ടിലേക്കുള്ള റോഡിൽ മണ്ണിടിഞ്ഞ് തകർന്നത് കാരണമാണ് ഇവർ കുടുങ്ങിയത്. വിദേശികൾക്ക് യാതൊരു വിധ പ്രശ്നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടൻ തന്നെ മന്ത്രി ഇവരെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലിയിരുത്തിയിരുന്നു.

നിലവിൽ അവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അവിടത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി മിലിട്ടിറിയുടെ സഹായം തേടിയതിനെ തുടർന്ന് മിലിട്ടിറി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

ടൂറിസ്റ്റുകൾക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങൾ സൗജന്യമായി നൽകാൻ മന്ത്രി റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി. ഇടുക്കിയിൽ ഉള്ള വിദേശികൾ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിർദ്ദേശം നൽകി. ഇടുക്കിയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകൾക്കോ, ടൂറിസം കേന്ദ്രത്തിനോ, റിസോർട്ടുകൾക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവിൽ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.