ഇപി ജയരാജന്റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവിന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇപി ജയരാജന്റെ മന്ത്രി സഭയിലേക്കുളള തിരിച്ചുവരവിന്റെ തീരുമാനം ഇന്ന്. ഉന്നത നേതാക്കൾക്കിടയിൽ ജയരാജന്റെ മടക്കത്തിൽ ധാരണയായി. സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. പാർട്ടിയിൽ ജയരാജന്റെ തിരിച്ചുവരവിൽ ഇപ്പോൾ ആർക്കും എതിർപ്പില്ല.

കാനം രാജേന്ദ്രനടക്കമുള്ള സിപിഐ നേതാക്കളുമായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതിനകം ആശയവിനിമയം നടത്തി. സിപിഐയെ അനുനയിപ്പിക്കാൻ ക്യാബിനറ്റ് പദവിയോടെ അവർക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാനാണ് സാധ്യത. ജയരാജന് വ്യവസായ വകുപ്പ് തന്നെയെന്നാണ് സൂചന. എസി മോയ്തീന് തദ്ദേശ സ്വയംഭരണമാകും.

കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും നൽകിയേക്കും. അന്തിമ തീരുമാനം സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തിങ്കളാഴ്ചയാണ് എൽഡിഎഫ് സെക്രട്ടറിയേറ്റ് യോഗം നടക്കുക. ചൊവ്വാഴ്തയോ വെള്ളിയാഴ്ചയോ ജയരാജൻറെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.