കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് ആലഞ്ചേരിയെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഔദ്യോഗികവാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ആലഞ്ചേരി ചോദ്യം ചെയ്യലിനെത്തിയത്. ഉച്ചയ്ക്കു ശേഷം 3.10 ഓടെയാണ് അദ്ദേഹം ആദായനികുതി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ ആറുമണിക്കൂറോളം നീണ്ടുനിന്നു.

ഇടനിലക്കാരൻ സാജു വർഗീസിന് അടക്കം ഭൂമി ഇടപാടിൽ കണക്കിൽ പെടാത്ത പണം ലഭിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് അധികൃതർ വിളിച്ചു വരുത്തിയത്. ഭൂമിയിടപാടിലെ ഇടനിലക്കാരുടെ വീട്ടിൽ ഒരു മാസം മുമ്പ് അധികൃതർ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആലഞ്ചേരിയെ ചോദ്യം ചെയ്യലിനായി അധികൃതർ വിളിപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം ഒപ്പു വച്ചിട്ടുള്ളത് ആലഞ്ചേരിയാണ്.