പാകിസ്ഥാനിൽ സ്‌കൂളുകൾക്ക് നേരെ ഭീകരാക്രമണം: രണ്ട് സ്‌കൂളുകൾ തീയിട്ട് നശിപ്പിച്ചു

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് നേരെ ഭീകരരുടെ ആക്രമണം തുടരുന്നു. സ്‌കൂളുകളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന വലിയ ആക്രമണമാണിത്. നേരത്തെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലെ 12 സ്‌കൂളുകൾ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് നേരെ താലിബാൻ പോലുള്ള ഭീകര സംഘടനകൾ ആക്രമണം നടത്തുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 2004, 2011 വർഷങ്ങളിലും ഗിൽജിത്ത് പ്രവിശ്യയിൽ സ്‌കൂളുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.