ബാങ്ക് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ വിവാദബിൽ പിൻവലിച്ചു

ഡൽഹി: ബാങ്ക് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ ഫിനാൻഷ്യൽ റെസുലേഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ പിൻവലിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കാനുളള പ്രമേയം ലോക്‌സഭ ഇന്നലെ പാസാക്കി.

ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ഇല്ലാതാക്കുന്ന വിധമായിരുന്നു ബില്ലിലെ വ്യവസ്ഥ. ബാങ്കിനു നഷ്ടം വന്നാൽ നിക്ഷേപകർ നഷ്ടം വഹിക്കണമെന്ന തരത്തിലുളള വ്യവസ്ഥ ബില്ലിൽ ഉണ്ടായത് എങ്ങും ആശങ്കയുണ്ടാക്കി. നഷ്ടം വരുമ്പോൾ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളിൽ നിന്നു തുക പിടിക്കാനായിരുന്നു നിർദ്ദേശം. ആശങ്കയും എതിർപ്പും വ്യാപകമായപ്പോഴാണു ബിൽ പിൻവലിക്കാൻ ജൂലൈയിൽ കേന്ദ്രം തീരുമാനിച്ചത്. ബിൽ പിൻവലിക്കാനുളള പ്രമേയം ധന സഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. നരേന്ദ്ര മോദി ഗവൺമെന്റ് ഒരു സുപ്രധാന സാമ്പത്തിക നിയമനിർമ്മാണം പിൻവലിക്കുന്നത് ഇതാദ്യമാണ്.