അബുദാബിയിൽ പുതിയ പാർക്കിങ് സംവിധാനം: ആദ്യത്തെ മൂന്ന് ആഴ്ചത്തേക്ക് പാർക്കിങ് ഫൈൻ ഈടാക്കില്ല

അബുദാബി:  പുതിയ പാർക്കിങ് സംവിധാനം നിലവിൽ വന്നശേഷം ആദ്യത്തെ മൂന്ന് ആഴ്ച നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. പുതിയ സംവിധാനങ്ങളുമായി ജനങ്ങൾ പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഓഗസ്റ്റ് 18 മുതലാണ് പുതിയ ട്രാഫിക് സംവിധാനം നിലവിൽ വരുന്നത്‌.
അബുദാബിയിൽ സ്വന്തമായി വാഹനമുള്ള എല്ലാവരും പുതിയ സംവിധാനം അനുസരിച്ച് പാർക്കിങിനായി ഫീസ് നൽകണം. പുതിയ പാർക്കിങ് സംവിധാനം 42 പ്രദേശങ്ങളിലാണ് നിലവിൽ വരുന്നത്.

വിവിധ ഭാഗങ്ങളിലായി 26,000 പാർക്കിങ് ലോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. അബുദാബിക്ക് പുറത്തുള്ള പ്രദേശങ്ങൾക്ക് പുതിയ സംവിധാനം ബാധകമാവില്ല. എല്ലാ വാഹന ഉടമകളും 18ന് മുൻപ് പാർക്കിങ് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കണം. വിദേശികൾക്ക് പെർമിറ്റിന് 800 ദിർഹവും രണ്ടാമത്തെ പെർമിറ്റിന് 1200 ദിർഹവുമാണ് പാർക്കിങ് ഫീസ്. ഒരു വർഷമായിരിക്കും ഇതിന്റെ കാലാവധി.