ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു: ട്രയൽ റണ്ണിന് സാധ്യത

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ഏഴുമണിക്കൂർ കൊണ്ട് അരയടി വെള്ളമാണ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞില്ലെങ്കിൽ ട്രയൽ റൺ നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഇന്ന് 2396.74 അടിയായി. കോട്ടയം, മലപ്പുറം ജില്ലകളിലും കനത്ത മഴ തുടരുന്നു.

ഇന്നലെ വൃഷ്ടിപ്രദേശത്ത് 128 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടമലയാറിൽ ജലനിരപ്പ് 168.14 അടിയായി. മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും ഉയർത്തി. തൊടുപുഴയാറിന്റെ തീരത്തുളളവർ ജാഗ്രത പാലിക്കണം. തൃശൂർ പീച്ചി ഡാമിലെ ജലനിരപ്പ് ഉയർന്നു. ഡാമിന്റെ ഷട്ടർ 9 ഇഞ്ച് കൂടി ഉയർത്തി. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ മൂന്നു സെന്റീമീറ്റർ കൂടി ഉയർത്തി. ഭാരതപുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് കൂടിയതിനാൽ വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. സമീപത്തുള്ളവർ ജാഗ്രത പാലിക്കണം.