മറീന ബീച്ചിലെ കരുണാനിധിയുടെ സംസ്‌കാരം: രാത്രി ഒരുമണി വരെ വാദം നീണ്ടു, വിധി രാവിലെ പറയും, തമിഴകം കനത്ത സുരക്ഷയിൽ

ചെന്നൈ: എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ വാദം കേൾക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു. രാത്രി ഒരു മണി വരെ നീണ്ട കോടതി നടപടികളിൽ ഹർജിക്കാരായ ഡിഎംകെ തങ്ങളുടെ വാദം കോടതി മുൻപാകെ ഉന്നയിച്ചു. തുടർന്ന് ഇതിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ വിവരങ്ങൾ ശേഖരിക്കാൻ തങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.രമേശിന്റെ വസതിയിലാണ് വാദം കേൾക്കുന്നത്.ചീഫ് ജസ്റ്റിനിസിനൊപ്പം മറ്റൊരു ജഡ്ജിയും ചേർന്നാണ് വാദം കേള്‍ക്കുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളുന്ന പക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അടിയന്തരഹര്‍ജി നല്‍കാന്‍ ഡിഎംകെ ദില്ലിയില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.കരുണാനിധിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേതന്നെ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയേയും സംസ്ഥാന ചീഫ് സെക്രട്ടറിയേയും കണ്ട ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍  സംസ്‌കാരം മറീനയില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ സുരക്ഷ കർശനമാക്കി. കോയമ്പത്തൂർ, തിരിച്ചിറപ്പള്ളി, മധുര, സേലം എന്നിവിടങ്ങളിൽ കൂടതൽ സേനയെ വിന്യസിച്ചു.
ചൊവ്വാഴ്ച്ച അർധരാത്രി പൊലീസ് ഒരുക്കിയ സകലസുരക്ഷാസന്നാഹങ്ങളും മറികടന്ന് ഡിഎംകെ പ്രവർത്തകർ കരുണാനിധിയുടെ വസതിയുടെ ​ഗേറ്റ് തകർത്ത് അകത്ത് പ്രവേശിച്ചു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപംകൊണ്ടു. ​