വനിതാ ലോകകപ്പ് ഹോക്കി: കിരീടം ഹോളണ്ടിന്

ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ഹോളണ്ടിന് കിരീടം. അയർലൻഡിനെ എതിരില്ലാത്ത ആറ് ഗോളിന്(60) തകർത്താണ് ഹോളണ്ടിന്റെ കിരീടനേട്ടം. ഹോളണ്ടിന്റെ എട്ടാം കിരീടനേട്ടം കൂടിയാണിത്. വിവിധ മത്സരങ്ങളിലായി ഹോളണ്ടിന്റെ തുടർച്ചയായ 32-ാം വിജയംകൂടിയാണിത്. ലിഡെവിജ് വെൽട്ടൻ, കെല്ലി യോങ്കർ, കിറ്റി വാൻ മെയ്ൽ, മാലൂ ഫെനിങ്ക്സ്, മാർലോസ് കീറ്റൽസ്, കയാ വാൻ മാസാക്കർ എന്നിവരുടെ വകയായിരുന്നു വിജയികളുടെ ഗോൾ.

ക്വാർട്ടറിൽ ഇന്ത്യയേയും സെമിയിൽ സ്പെയിനിനെയും തോൽപ്പിച്ച് ഫൈനലിലെത്തിയ അയർലൻഡിന് ഹോളണ്ടിന്റെ വേഗത്തിനും കരുത്തിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ശരിക്കും ഒരു പ്രൊഫഷണൽ ടീമല്ല അയർലൻഡ്. ഡോക്ടർമാരും അഭിഭാഷകരും കുറച്ച് പ്രൊഫഷണൽ താരങ്ങളുമടങ്ങുന്നതാണ് അവരുടെ സംഘം. ഇത്തരമൊരു സാഹചര്യത്തിലും ലോകകപ്പിൽ റണ്ണറപ്പാവുകയെന്ന മികച്ച നേട്ടം കരസ്ഥമാക്കാൻ അയർലൻഡ് നിരയ്ക്ക് കഴിഞ്ഞു.