ആരോഗ്യമുള്ള കുട്ടി ജനിക്കാനായി ആറ് വയസുള്ള കുട്ടിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചുമൂടി

മുറാദാബാദ്: ആരോഗ്യമുള്ള കുട്ടി ജനിക്കാനായി ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചു മൂടിയ മാതാപിതാക്കൾ പിടിയിലൽ. ഉത്തർപ്രദേശിലെ ചൗദാർപുർ ഗ്രാമത്തിൽ ജൂൺ മാസത്തിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കാണാനില്ലാത്ത കാര്യം അയൽവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനു പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നതായും കുഞ്ഞിന്റെ ആരോഗ്യമില്ലയിമ മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നു. കുട്ടിയെ കൊന്ന് കുഴിച്ചിട്ട ശേഷം അവിടെ ക്ഷേത്രം പണിത് പൂജ ചെയ്താൽ പിന്നീട് ജനിക്കുന്ന കുട്ടിയ്ക്ക് പൂർണ ആരോഗ്യമുണ്ടാകുമെന്ന് ഒരു പൂജാരി നിർദേശിച്ചുവെന്നും അതേത്തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ മൊഴി.

മകളെ വേർപിരിയാൻ കുട്ടിയുടെ അമ്മയ്ക്ക് വിഷമമായതു കൊണ്ടാണ് സ്വന്തം വീടിനുള്ളിൽ തന്നെ കുഴിച്ചു മൂടാൻ തീരുമാനിച്ചതെന്ന് കുട്ടിയുടെ മുത്തശ്ശി പോലീസിനെ അറിയിച്ചു. ദിനംപ്രതി കുഞ്ഞിന്റെ ആരോഗ്യം കുറഞ്ഞുകൊണ്ടിരുന്നതായും മരുന്നുകളൊന്നും ഫലിക്കാതെ വന്നതും ഇങ്ങനെ ചെയ്യാൻ പ്രേരണ നൽകിയെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരു തരി പോലുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസംമുട്ടിയാണ് കുട്ടിയുടെ മരണം.