അപകടമുണ്ടാക്കിയത് ഇന്ത്യൻ ചരക്കു കപ്പൽ; കാണാതായ ഒൻപത് പേർക്കായുളള തെരച്ചിൽ തുടരുന്നു

 

കൊച്ചി: മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. അപകട വിവരം അറിഞ്ഞ് മുനമ്പം  തീരത്തു നിന്നും രക്ഷാപ്രവർത്തനത്തിന് പോയ മത്സ്യതൊഴിലാളികൾ തന്നെയാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്. കുളച്ചൽ സ്വദേശികളായ യുഗനാഥൻ, മണിക്കുടി, യാക്കൂബ് എന്നിവരാണ് മരിച്ചത്.

നേരത്തെ പരിക്കേറ്റ രണ്ടു പേരെ മത്സ്യതൊഴിലാളികൾ കരയിൽ എത്തിച്ചിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി നരേൻ സർക്കാർ, കുളച്ചൽ സ്വദേശി എഡ്‌വിൻ എന്നിവരാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ്  റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികൾ പോയ ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്.

പുലർച്ചെ 4.30 ഓടെ ചേറ്റുവ അഴിക്ക് സമീപം പടിഞ്ഞാറൻ പുറംകടലിലാണ് അപകടമുണ്ടായത്. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ മറ്റ് ബോട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. കപ്പലിടിച്ച് താഴ്ന്ന് പോയ ബോട്ടിന്‍റെ അവശിഷ്ടങ്ങളിൽ മൂന്ന് പേർ പിടിച്ചു കിടക്കുകയായിരുന്നു. ഇവരിൽ രണ്ടു പേരെയാണ് പരിക്കുകളോടെ കരയിൽ എത്തിച്ചത്. മൂന്നാമൻ മലയാളിയാണ്. ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ട് രക്ഷാപ്രവർത്തനം നടത്തുന്ന ബോട്ടുകാർക്കൊപ്പം കൂടിയിട്ടുണ്ടെന്നാണ് മുനമ്പത്ത്‌ തിരിച്ചെത്തിയ ബോട്ടിലെ മത്സ്യതൊഴിലാളികൾ വ്യക്തമാക്കിയിരിക്കുന്നത്. എത്ര പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ശേഷിക്കുന്ന ഒൻപത് പേർക്കായി മുനമ്പ്‌ തീരത്തു നിന്നും നാൽപ്പതോളം ബോട്ടിൽ പോയ മത്സ്യതൊഴിലാളികൾ തെരച്ചിൽ നടത്തുകയാണ്. അപകടമുണ്ടായ പരിസരങ്ങളിൽ വലയിട്ടാണ് തെരച്ചിൽ നടത്തുന്നത്.

കപ്പലിടിച്ച ബോട്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ്. കാണാതായവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.  കോസ്റ്റ് ഗാർഡും തെരച്ചിൽ തുടങ്ങി. തീരദേശ പോലീസോ നേവിയോ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ലെന്ന് മത്സ്യതൊഴിലാളികൾ പരാതി ഉന്നയിച്ചു. അപകടം പുലർച്ചെ ഏഴോടെ കരയിൽ അറിയിച്ചതാണ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. എന്നാൽ മുനമ്പം തീരത്ത് പോലീസ് മറ്റ് സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ആംബുലൻസ് സംവിധാനവും വൻ പോലീസ് സന്നാഹവും തീരത്തുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുനമ്പത്ത്‌ എത്തിയിട്ടുണ്ട്.