വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന ലക്ഷ്യമിട്ടുള്ള സാമൂഹിക മാധ്യമ പേജുകൾക്കെതിരേ കർശന നടപടിയുമായി യു.എ.ഇ

ദുബായ്: വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന ലക്ഷ്യമിട്ടുള്ള സാമൂഹിക മാധ്യമ പേജുകൾക്കെതിരേ കർശന നടപടിയുമായി യു.എ.ഇ. അധികൃതർ രംഗത്തിറങ്ങി. യു.എ.ഇ. സാമ്പത്തികകാര്യ വകുപ്പാണ് നടപടി കർശനമാക്കിയത്. വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള അയ്യായിരത്തോളം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സാമ്പത്തികകാര്യ വകുപ്പ് പൂട്ടിച്ചു.

വ്യാജ ഉത്പന്നങ്ങൾ വാങ്ങരുത് എന്നും വ്യാജ ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ തങ്ങളെ അറിയിക്കണം എന്നും സാമ്പത്തികകാര്യ വകുപ്പ് നിർദേശിച്ചു . ഇതിനായി പൊതുജനങ്ങൾക്ക് 600545555 എന്ന നമ്പറിൽ വിളിക്കാം. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന നിരീക്ഷിക്കാൻ 24 മണിക്കൂറും സംവിധാനം ഏർപ്പെടുത്തിയതായി സാമ്പത്തികകാര്യ വകുപ്പ് വ്യക്തമാക്കി.