സൗദി-കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ

സൗദി അറേബ്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സൗദിയുടെ നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും അടിയന്തിരമായി മരവിപ്പിക്കാനാണ് സൗദി അറേബ്യൻ ഭരണകൂടത്തിന്റെ ഉത്തരവ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നാൽപ്പതുലക്ഷം ഡോളറാണ്.

സൗദി അറേബ്യയിലെ കനേഡിയൻ സ്ഥാനപതിയോട് രാജ്യംവിടാൻ ആവശ്യപ്പെട്ട ഭരണകൂടം, കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിച്ചു. സൗദി സർക്കാരിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ വനിതാ മനുഷ്യവകാശ പ്രവർത്തകരായ സമർ ബാദാവി, നസീമ അൽ സാദാ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുൾപ്പെടെ സൗദി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റെയും നിർദേശമാണ് സൗദിയെ ചൊടിപ്പിച്ചത്. കാനഡയുടെ നിർദേശം രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നും നിർഭാഗ്യകരമാണെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ നടപടിയെ അംഗീകരിച്ച് ബഹ്‌റൈനും രംഗത്തെത്തി.

കാനഡയും സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.