മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; ബിഷപ്പിനെതിരെ കന്യാസ്ത്രീ അയച്ച പരാതിയുടെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച പരാതിയുടെ പകർപ്പ് പുറത്ത്. ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. ഫോണിൽ വിളിച്ചും അശ്ലീലം പറഞ്ഞു, ബിഷപ്പ് മാനസികമായും പീഡിപ്പിച്ചു. ഭയന്നിട്ടാണ് പുറത്തു പറയാതിരുന്നതെന്നും കത്തിൽ പറയുന്നു.

ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നൽകിയ ഉജ്ജെയിൻ ബിഷപ്പിന്റെ മൊഴിയെടുക്കാനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് തിരിക്കും. ഉജ്ജെയിൻ ബിഷപ്പിന്റെ മൊഴിയെടുത്തശേഷം നാളെ ഡൽഹിയിൽ മടങ്ങിയെത്തി വത്തിക്കാൻ എംബസിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം. തെളിവുകൾ പരമാവധി ശേഖരിച്ച ശേഷം മാത്രമാകും ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുക. അന്വേഷണ സംഘം ജലന്തറിലെത്താനെടുക്കുന്ന കാലതാമസം പരാതിക്കാരിയായ കന്യാസ്ത്രിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യാപകവിമർശനങ്ങൾകിടയാക്കി. മുൻകൂട്ടി അനുമതി വാങ്ങാതെ വത്തിക്കാൻ എംബസിയിൽനിന്ന് തെളിവെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം