കോന്നിയില്‍ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ

പത്തനംതിട്ട: കോന്നിയില്‍ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി പോലിസ് പിടിയിൽ. അരുവാപ്പുലം മരുതിമൂട്ടില്‍ സുരേഷ് കുമാറാണ് ഇന്നലെ രാത്രി പത്തരയോടെ  കുരുടാന്‍മുക്കില്‍ നടന്ന അടിപിടിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസി ഉഷസില്‍ വിപിന്‍ ചന്ദ്രനെ പൊലീസ് പിടികൂടി.

മർദ്ദനത്തെ തുടർന്ന്‌ അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന സുരേഷ് കുമാറിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പിടിയിലായ വിപിന്‍ ചന്ദ്രന്‍ നേരത്തെ സുരേഷ് കുമാറിനൊപ്പം കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. അന്ന് മുതലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.