ഇൻഡോനീഷ്യയിൽ ഭൂകമ്പം; മരണം 82

ജക്കാർത്ത: ഇൻഡോനീഷ്യയിലെ ലോംബോക് ദ്വീപിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ സമീപ ദ്വീപായ ബാലിയിലും അനുഭവപ്പെട്ടു. ആയിരക്കണക്കിനാളുകളെ സ്ഥലത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജൂലായ് 29ന് 17 പേരുടെ മരണത്തിനിടയായ ഭൂകമ്പമുണ്ടായതും ലോംബോകിൽ തന്നെയാണ്.