ഓർത്തഡോക്‌സ് വൈദികരുടെ പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡൽഹി: കുമ്പസാരപീഡനക്കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ.എബ്രഹാം വർഗീസ്. ഫാദർ ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഉടൻ കീഴ്ക്കോടതിയിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നൽകാമെന്നും സുപ്രീംകോടതി പറഞ്ഞു. വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ എബ്രഹാം വർഗീസ് ഒന്നാംപ്രതിയും, ജെയ്‌സ് കെ.ജോർജ് നാലാംപ്രതിയുമാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാൻ അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു.

കേസിലെ മറ്റു പ്രതികളായ ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി.മാത്യു എന്നിവർ കീഴടങ്ങിയ ശേഷം ജാമ്യം നേടിയിരുന്നു. ഇതേ പോലെ ഇവർക്കും ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ രഹസ്യവാദം പൂർത്തിയാക്കിയ ശേഷമാണ് പോലീസ് റിപ്പോർട്ട് വിശദമായി പഠിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. അതിനു ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ വൈദികർക്ക് കോടതി നിർദേശം നൽകി.

.