രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച. സന്ദർശനത്തിനിടെ പോലീസിന്റെ വയർലെസ് സെറ്റിൽ പോലീസ് സന്ദേശമെത്തുകയായിരുന്നു. തിരുവനന്തപുരം കൈമനത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന സ്വകാര്യസ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുന്നു. തായ്ലൻഡിൽ നിന്നുള്ള രണ്ടു സെറ്റുകൾ പിടിച്ചെടുത്തു. ബൈക്ക് റൈഡിങ്ങുമായി ബന്ധപ്പെട്ടാണ് സ്വകാര്യ സ്ഥാപനം വയർലെസ് സെറ്റുകൾ വാങ്ങിയതെന്ന് ജീവനക്കാരൻ പറഞ്ഞു. മൂന്നുമാസമായി ഉപയോഗിക്കുന്നു, ഇതുവരെ പൊലീസ് സന്ദേശങ്ങൾ ലഭിച്ചിട്ടില്ല.

ഞായറാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇതിനിടെ ഇന്ന് രാവിലെ രാഷ്ട്രപതിക്ക് വധഭീഷണി ഉയർത്തിയ ഒരാളെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. തൃശൂർ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്.