വിദ്യാർത്ഥി സമൂഹത്തിന് മാതൃകയാകാൻ ‘ബദാം മരച്ചോട്ടിൽ ‘

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് വിദ്യാലയത്തിലെ 1988 ബാച്ചിലെ അന്നുണ്ടായിരുന്ന എല്ലാ ഡിവിഷനുകളിലേയും വിദ്യാർത്ഥികൾ സംയുക്തമായി ‘ഗുരുവന്ദനം’ എന്ന പേരിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്നു.1982 മുതൽ 1988 വരെ വിവിധ ക്ലാസുകളിലായി പഠിപ്പിച്ച 64-ഓളം ഗുരുക്കൻമാരെ ഒരേ വേദിയിൽ അണിനിരത്തിയാണ് ‘ഗുരുവന്ദനം’ സംഘടിപ്പിക്കുന്നത്. 1988-ൽ വിവിധ ഡിവിഷനുകളിൽ നിന്നും  പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച ‘ബദാം മരച്ചോട്ടിൽ’ എന്ന പേരിലുള്ള കൂട്ടായ്മയാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നൽകുന്നത് .
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശത്തുള്ള പൂർവ്വ വിദ്യാർത്ഥികളും തിരക്കുകൾ മാറ്റി വച്ച് തങ്ങളുടെ അദ്ധ്യാപകരെ വന്ദിക്കാനെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിശ്രമ ജീവിതം നയിക്കുന്ന അദ്ധ്യാപകരെ ഒരുമിച്ച് കാണാനും അവർ പകർന്നു നൽകിയ അറിവിനും സ്നേഹത്തിനും ഹൃദയ ഭാഷയിൽ നന്ദിയും കടപ്പാടുമറിയിക്കാനും ഈ സംഗമവേദിയിലൂടെ കഴിയുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധങ്ങൾ  പ്രകടനമായി മാറിയ ഈ കാലത്ത്  അദ്ധ്യാപകരെ എങ്ങനെ ബഹുമാനിക്കണമെന്ന് പിൻതലമുറക്കാരെ ബോധ്യപ്പെടുത്തുക എന്നതും ഗുരുവന്ദനത്തിലൂടെ  ലക്ഷ്യമിടുന്നതായി ‘ബദാം മരച്ചോട്ടിൽ’ വ്യക്തമാക്കി. 30 വർഷങ്ങൾക്കു മുമ്പ് തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥികൾക്കൊപ്പം ഒരു പകൽ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ക്ഷണം സ്വീകരിച്ച് അദ്ധ്യാപകരും പ്രതികരിച്ചു.സെന്റ് മേരീസ് സ്‌കൂളിലെ തന്നെ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിക്കുന്ന തികച്ചും അത്യപൂർവ്വമായ പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം ഈ മാസം 12 ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ നടക്കും.