ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോലിക്ക് ചരിത്ര നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കയ്യെത്തും ദൂരെ നഷ്ടമാക്കിയതിന്റെ വേദനയിലാണ് ഇന്ത്യൻ ആരാധകർ. 31 റൺസിന് ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യൻ നായകൻ വിരാട് കോലി മികച്ച പ്രകടനം നടത്തിയിരുന്നു.ഇപ്പോഴിതാ പരാജയത്തിന്റെ വേദന മറക്കാനായി ഇന്ത്യൻ നായകനെത്തേടി കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമെത്തി.

ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തിൽ നിന്നാണ് കോലി ചരിത്ര നേട്ടം പിടിച്ചെടുത്തത്. എജ്ബാസ്റ്റൻ ടെസ്റ്റിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ കോഹ്ലിക്ക് 934 പോയിന്റാണുള്ളത്. സ്മിത്തിന് 929 പോയിൻറാണുളളത്. സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ബാറ്റ്‌സ്മാൻമാരുടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.