ലോക്സഭ തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വേണം; പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ഡൽഹി: ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ. മമതയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പതിനേഴ് പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എസ്പി, ബിഎസ്പി, ആം ആദ്മി തുടങ്ങി പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിന് വോട്ടെണ്ണൽ യന്ത്രത്തെ കുറ്റം പറയുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഒ.പി റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ കമ്മീഷനെ സമീപിച്ചത്. യു പി തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്ക് ലഭിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സാങ്കേതിക തകരാർ ആണെന്ന് ചൂണ്ടിക്കാട്ടി മെഷീനുകൾ മാറ്റിയെങ്കിലും ഇത് നേരത്തെ സജ്ജീകരിച്ചതാണോയെന്ന് സംശയം ഉയർന്നിരുന്നു.