തൊ​ടു​പു​ഴ കൂ​ട്ട​ക്കൊ​ല​: മരണകാരണം ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ

ഇടുക്കി:  തൊടുപുഴയില്‍ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണം ആഴമേറിയ മുറിവുകളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാല് പേരുടെ ശരീരത്തിലും മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒന്നരദിവസത്തിലധികം പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കും.

കമ്പകക്കാനത്ത് കൂട്ടക്കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി പത്തേമുക്കാലിന് ശേഷമെന്ന് സൂചന. ഞായറാഴ്ച വൈകീട്ട് 7.10ന് കൃഷ്ണന്റെ മകൾ ആർഷ സഹപാഠികൾക്ക് വാട്‌സ്അപ്പ് സന്ദേശം അയച്ചിരുന്നു. രാത്രി 10.30വരെ ആർഷ വാട്‌സപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നതായി തെളിഞ്ഞു.

സഹോദരങ്ങളുമായി കൃഷ്ണന് സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നതിനാൽ ബന്ധുക്കളെയും ചോദ്യം ചെയ്യും. അയൽക്കാരും ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്ന കൃഷ്ണൻ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ്  അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ മൊബൈൽ നമ്പറുകളും മറ്റു വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആഭിചാരക്രിയകളുമായി ബന്ധപ്പെടുണ്ടായ ചില തർക്കങ്ങളാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൂന്ന് ദിവസമായി കൃഷ്ണന്റെ വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കളും അയൽവാസികളും രാവിലെ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ രക്തവും ഭിത്തിയിൽ രക്തം തെറിച്ച പാടുകളും കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പുറകിലെ കുഴിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.