ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി: അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞു

 

ഇടുക്കി: അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞതിനാൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി.  അണക്കെട്ടിലെ ജലനിരപ്പ് 2396.08 അടിയിലെത്തി. വൈദ്യുതി മന്ത്രി എംഎം മണി ഇന്ന് രാവിലെ ഡാം സന്ദർശിക്കും. തുടന്ന് കളക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. ഡാമിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ട്.  ഈ സാഹചര്യത്തിൽ ഡാം തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും കെഎസ്ഇബിയുടെയും ശ്രമം.

ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കാൻ സാധ്യത നിലനിൽക്കേ രണ്ടിടങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭൂതത്താൻകെട്ട് ഡാമിൽ മുൻകരുതൽ ശക്തമാക്കി. 15 ഷട്ടറുകളുള്ള ഡാമിന്റെ 13 ഷട്ടറുകളും കഴിഞ്ഞ ഒരുമാസമായി തുറന്നിട്ടിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്റെ തീരങ്ങളിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം പറഞ്ഞു.

ദുരിത ബാധിത പ്രദേശങ്ങളായി കണക്കാക്കുന്ന ആലുവ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ സ്ഥലങ്ങളെ 14 സെക്ടറുകളാക്കി തിരിച്ച് അഗ്‌നിരക്ഷാ സേനാ ഉദ്യാഗസ്ഥർക്ക് ചുമതല നല്കി. 240 ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു. ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ റൂട്ട് മാപ്പടക്കം തയ്യാറാണ്. ആംബുലൻസ്, ജെസിബി, ക്രെയിൻ തുടങ്ങിയ വാഹനങ്ങളും സജ്ജമാണ്.