ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസായിരുന്നു. അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1952ൽ ആയിരുന്നു അബു ഇബ്രാഹീം എന്ന ഉമ്പായിയുടെ ജനനം. നാല് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയിലൂടെ ഗസൽ എന്ന സംഗീത ശാഖയെ ജനകീയമാക്കി. ഒ.എൻ.വി, സച്ചിതാനന്ദൻ എന്നിവരുടെ വരികൾക്ക് ഗസലിന്റ ഭാവം പകർന്നപ്പോൾ മലയാള സംഗീതലോകം ഉമ്പായിയുടെ ഇശലുകളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. 1988ലാണ് ആദ്യ സംഗീത ആൽബം പുറത്തിറങ്ങുന്നത്. പിന്നീട് മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഒട്ടനവധി ഗാനങ്ങൾ പുറത്തിറങ്ങി. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവ ഉമ്പായിയുടെ പ്രശസ്ത ഗസല്‍ ആല്‍ബങ്ങളാണ്. എം.ജയചന്ദ്രനോടൊത്ത് നോവല്‍ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.