നവംബർ പകുതിയോടെ കേരളാ ലാപ്‌ടോപ് വിപണിയിൽ

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബർ പകുതിയോടെ വിപണിയിലെത്തും. കെൽട്രോണിന്റെ മേൽനോട്ടത്തിൽ നിർമിക്കുന്ന ലാപ്‌ടോപിന്റെ വില 29000 രൂപയിൽ താഴെയായിരിക്കും എന്നാണ് സൂചന. ഇന്റലിന്റെ സാങ്കേതികസഹായതയോടെ ലാപ്‌ടോപ് നിർമിക്കുന്ന കമ്പനിയുടെ രൂപീകരണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും.

ആദ്യഘട്ടത്തിൽ 14 ഇഞ്ച് സ്‌ക്രീനുള്ള ലാപ്‌ടോപ് നിർമിക്കും. 30 കോടിരൂപയാണ് ഇതിന്റെ ചെലവ്. ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചാകും ആദ്യഘട്ടത്തിൽ നിർമാണം. രണ്ടാഴ്ചയ്ക്കകം ലാപ്‌ടോപ് നിർമിക്കുന്ന കമ്പനി രജിസ്റ്റർ ചെയ്യും. ലാപ്‌ടോപിന്റെ പേര്, വില തുടങ്ങിയ കാര്യങ്ങൾ കമ്പനിയുടെ ആദ്യ ബോർഡ് യോഗം തീരുമാനിക്കും. തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ യൂണിറ്റിൽ നിന്നാകും ലാപ്‌ടോപ് പുറത്തിറങ്ങുന്നത്. ആദ്യഘട്ടത്തിൽ സർക്കാർവകുപ്പുകളാകും ലാപ്‌ടോപ് ഉപഭോക്താക്കൾ. മൂന്നുവർഷത്തിനകം പൊതുവിപണിയിലും ലഭ്യമാകും.