ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഭക്ഷ്യവിഷബാധ: അന്വേഷണ ചുമതല ഐജി മനോജ് എബ്രാഹാമിന്

ഭക്ഷ്യവിഷബാധയെപ്പറ്റി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ  ഐ.ജിക്ക് നിർദശം കൊടുത്തു. ജൂൺ 19ന് നടന്ന ഭക്ഷ്യവിഷബാധയിൽ പ്രിൻസിപ്പലിന് പങ്കുണ്ടെന്ന് നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.ഇതിനെ തുടർന്ന് പ്രിൻസിപ്പലിനെ സ്ഥലം മാറ്റം നടത്തിയതിന് പിന്നാലൊണ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചത്.

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിനെ പ്രശസ്തിയിൽ നിന്ന് കുപ്രസിദ്ധിയിലേക്ക് തള്ളിവിട്ട ഭക്ഷ്യവിഷബാധയിൽ സമഗ്രാന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഡി.ജി.പി നിർദേശിച്ചിരിക്കുന്നത്. സ്‌കൂളിലെ അഴിമതികളെപ്പറ്റി ധനകാര്യവകുപ്പും ഉന്നതതല അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധിച്ച് രാത്രി കുട്ടികൾ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കുട്ടികളെ മറയാക്കി ചിലർ കളിച്ച നാടകമായിരുന്നു ഇതെന്ന് സംശയമുണ്ട്. ഇക്കാര്യങ്ങളും ഐ.ജിയുടെ അന്വേഷണ പരിധിയിൽ വരും. തുടർച്ചയായി ഭക്ഷ്യബാധയുണ്ടാകുന്ന സാഹചര്യം, സ്‌കൂൾ അധികൃതകർക്കോ കുട്ടികൾക്കോ ബാഹ്യശക്തികൾക്കോ ഇതിൽ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷണ പരിധിയിൽ വരുന്നത്.