അബുദാബിയിലെ ബസ് സമയങ്ങളില്‍ മാറ്റം

അബുദാബി: അബുദാബിയിലെ ബസ് സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റംവരുത്തി.  101,102,110,111 റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. അബുദാബി ഖലീഫ സ്ട്രീറ്റില്‍നിന്ന് മുസഫ വ്യവസായ മേഖലവഴി ഡല്‍മ മാളിലേക്കുള്ള നമ്പര്‍ 101 ബസ് ഇനി മുതല്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കു നേരിട്ട് ബസ്സര്‍വീസ് എ 10 ആരംഭിച്ചു. ലേബര്‍ ക്യാമ്പുകളും സ്‌കൂളുകളും ധാരാളമുള്ള ഈ മേഖലയിലെ താമസക്കാര്‍ക്ക് ഇത്  പ്രയോജനകരമാകും.

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ പുതിയ ബസ്സ്റ്റേഷനില്‍നിന്ന് സ്ട്രീറ്റ് 18, സ്ട്രീറ്റ് 26 വഴി ഖലീഫ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലേക്കും തിരിച്ചും പോകുന്ന നമ്പര്‍ 102 ബസും ഇനിമുതല്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഐ കാര്‍ഡ് റെസിഡന്‍ഷ്യല്‍ സിറ്റി, സായിദ് സ്‌പോര്‍ട്സ് സിറ്റി, അബുദാബി ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ട് നമ്പര്‍ 110, മുസഫ വര്‍ക്കര്‍ വില്ലേജ് മാളില്‍നിന്ന് സ്ട്രീറ്റ് എട്ടുവഴി സായിദ് സ്‌പോര്‍ട്സ് സിറ്റിയിലൂടെ അബുദാബി ഖലീഫ സ്ട്രീറ്റിലേക്ക് പോകുന്ന റൂട്ട് നമ്പര്‍ 111 ബസുകള്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.

210, 216, 410 ബസ് റൂട്ടുകളിലും മാറ്റമുണ്ട്. നമ്പര്‍ 210 ബസ് ഇനിമുതല്‍ ഡല്‍മ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മാസ്യാദ് മാള്‍, അല്‍ബാഹിയ, ഷഹാമ, അല്‍റഹ്ബ ആശുപത്രി റൂട്ടിലായിരിക്കും സർവീസ് നടത്തുക. ബസ് നമ്പര്‍ 216-ന് പകരം 218 ആയിരിക്കും ഈ റൂട്ടിലോടുക. ബസ് സമയ ക്രമങ്ങളിലെ മാറ്റം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന്
ഗതാഗതവകുപ്പ് അറിയിച്ചു.