യുഎഇയില്‍ പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും

ദുബായ്: പൊതുമാപ്പ് നടപടിക്രമങ്ങൾക്കായി ദുബായ് അൽ അവീറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രത്യേക പവലിയൻ പൂർത്തിയായി. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് ചെറിയ പിഴയൊടുക്കി, മറ്റു ശിക്ഷാനടപടികൾ കൂടാതെ സ്വദേശത്തേക്ക് മടങ്ങാനോ അതുമല്ലെങ്കിൽ രേഖകൾ ശരിയാക്കി യുഎഇയിൽ തന്നെ തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പ് കാലയളവില്‍ ഉള്ളത്‌

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് പുതിയ വിസയിൽ യുഎഇയിലേക്ക് വീണ്ടും തിരിച്ചുവരാൻ സാധിക്കും. പൊതുമാപ്പിനായി അപേക്ഷിക്കുന്നവർക്ക് പാസ്‌പോർട്ട് കൈവശം ഉണ്ടാവണം. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അതാത് രാജ്യത്തിന്റെ എംബസി അല്ലെങ്കിൽ കോൺസുലേറ്റ് വഴി പാസ്‌പോർട്ട് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാസ്‌പോർട്ട് സ്‌പോൺസർ പിടിച്ചു വെച്ചിരിക്കുന്നുവെന്നതടക്കമുള്ള പരാതി ഉള്ളവർക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. ഇതിനായുള്ള പ്രത്യേക കൗണ്ടർ  അൽ അവീറിൽ തയ്യാറാക്കിയിട്ടുള്ള പവലിയനിൽ ഉണ്ട്.