ഇസ്രയേൽ സൈനികന്റെ കരണത്തടിച്ച അഹദ് തമീമി ജയിൽ മോചിതയായി

ഇസ്രയേൽ അധിനിവേശത്തിനെതിരെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി വാർത്തകളിൽ നിറഞ്ഞ  17 കാരി അഹദ് തമീമി ജയിൽ മോചിതയായി.എട്ടു മാസത്തിനുശേഷമാണ് തമീമി പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഡിസംബർ 15ന്, അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്വന്തം വീടിനു മുന്നിൽ തമീമി ഇസ്രയേൽ സൈനികന്റെ കരണത്തടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
സൈനികനെ ആക്രമിച്ചെന്ന കുറ്റം ചുമത്തിയാണു പെൺകുട്ടിയെ ജയിലിലടച്ചത്. അധിനിവേശം അവസാനിക്കുന്നതുവരെ ചെറുത്തുനിൽപ്പു തുടരുമെന്നു ജയിലിൽനിന്നു പുറത്തിറങ്ങിയ തമീമി പറഞ്ഞു. കഴിഞ്ഞദിവസം ബെത്ലഹേം ജറുസലം വിഭജനമതിലിൽ തമീമിയുടെ കൂറ്റൻ ചിത്രം വരച്ച രണ്ട് ഇറ്റാലിയൻ കലാകാരന്മാരെയും ഒരു പലസ്തീൻകാരനെയും ഇസ്രയേൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സൈനികനെ അടിച്ചതിന്റെ വിഡിയോ പകർത്തിയ പെൺകുട്ടിയുടെ അമ്മ നരിമാൻ തമീമിയെയും ജയിലിലടച്ചിരുന്നു. ഇസ്രയേൽ വിരുദ്ധ വികാരം ആളിക്കത്തിക്കാനും പ്രശസ്തിക്കുംവേണ്ടി തമീമി കുടുംബം ശ്രമിക്കുന്നെന്നാണ് ഇസ്രയേൽ അധികൃതരുടെ ആരോപണം.