ജലനിരപ്പ് ഉയരുന്നു; ‘ഓറഞ്ച് അലർട്ടി’ന് വെറും 0.3 അടിമാത്രം

ഇടുക്കി: ഉച്ചക്ക്‌  12 മണിക്കുള്ള കണക്കുകൾ പ്രകാരം 2394.70 അടിയായി ജലനിരപ്പ് ഉയർന്നു. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.3 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടൻ കെഎസ്ഇബി അതിജാഗ്രതാ നിർദേശം നൽകും. ഡാം തുറക്കുമ്പോൾ വെള്ളം പോകേണ്ട റൂട്ട് മാപ്പ് തയ്യാറായി. ചെറുതോണി പുഴയിലുടെ ഒരു  കിലോമീറ്റർ  ഒഴുകി പെരിയാറിൽ എത്തി പിന്നീട് പെരിയാറിലൂടെയാണ് കടലിൽ എത്തിച്ചേരുക .  തട്ടേക്ക്ണ്ണി, കിരിത്തോട്, പാംബ്ല, കരിമണൽ, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട്,  പാണംകുഴി, മലയാറ്റൂർ, കോടനാട്, കാലടി , ചേലാമറ്റം, ആലുവ വഴിയാണ് പോകേണ്ടത്.  ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.
പെരിയാറിൽ  അവസാനം നിലകൊള്ളുന്ന ഭൂതത്താൻകെട്ടു ഡാമിന്റെ 13 ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്.  ഇടുക്കി ഡാമിനു ഷട്ടറുകളില്ല, തുറക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്. ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളാണ് തുറക്കുന്നത് . മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്.  പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ.  സാധാരണയായി 10 മുതൽ 15 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.  ഉരുക്കുവടത്തിൽ കാർഡിയം കോംപൗണ്ട് പൂശി, അണക്കെട്ടിലെ ഷട്ടറുകളെല്ലാം കെഎസ്ഇബി മിനുക്കി.