ഗുജറാത്തിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം

 

ഗുജറത്ത്:  കൊള്ളക്കാരെന്ന് ആരോപിച്ച് ദഹോഡിൽ ആൾക്കൂട്ടം യുവാക്കൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സമീപ ഗ്രാമമായ ഉൻദാറിലുള്ള അജ്മൽ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ സുഹൃത്ത് ഭാരു മാത്തൂർ (25) ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപതോളം പേർ സംഘം ചേർന്നാണു യുവാക്കളെ ആക്രമിച്ചത്. യുവാക്കളെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി.

പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ആൾക്കൂട്ടത്തെ പിരിച്ചുവിട്ട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അജ്മൽ വഹോനിയ മരണത്തിനു കീഴടങ്ങി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അജ്മലിനും ഭാരുവിനുമെതിരെ മോഷണം, അടിപിടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേസുകൾ ഉള്ളതായും സമാന കുറ്റങ്ങൾക്ക് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.